വ്യത്യസ്‌ത മതത്തിൽപ്പെട്ടവർ പ്രണയിക്കുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ‘കിസ്‌മത്തി’ലൂടെ സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ശ്രുതി മേനോന്റേയും ഷൈൻ നിഗത്തിന്റേയും കരിയറിലെ മികച്ച കഥാപാത്രങ്ങളായിരുന്നു ചിത്രത്തിലേത്. എന്നാൽ ചിത്രത്തിലെ ദളിത് പെൺകുട്ടിയെ ഏറ്റെടുക്കാൻ പല നായികമാരും വിമുഖത കാണിച്ചിരുന്നെന്ന് ശ്രുതി മേനോൻ പറയുന്നു.
‘എങ്ങനെയാണ് അത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന സംശയമായിരുന്നു ചിലര്‍ ഉന്നയിച്ചത്. മറ്റുചിലരാവട്ടെ ഈ കഥാപാത്രത്തെ ഏറ്റെടുക്കരുതെന്ന നിര്‍ദേശമായിരുന്നു തനിക്ക് നല്‍കിയത്. മനുഷ്യരെ ജാതി പറഞ്ഞ് വേര്‍തിരിക്കുന്നത് എന്തിനാണെന്ന് ഇതുവരെയും മനസ്സിലായിട്ടില്ല. പലരും നിരുത്സഹാപ്പെടുത്തിയതോടെയാണ് അത് ചെയ്യണമെന്ന് ഞാൻ ഉറപ്പിച്ചത്’- ശ്രുതി പറഞ്ഞു.
അതിനിടയിൽ നടന്ന ഫോട്ടോഷൂട്ട് വളരെ വിവാദമായിരുന്നു. എന്നാൽ അത് നടന്നത് തന്റെ വ്യക്തമായ അറിവോടുകൂടിയാണെന്നും താരം പറഞ്ഞു. ആസ്വദിച്ചാണ് താന്‍ ആ വര്‍ക്ക് ചെയ്‌ത് പൂർത്തിയാക്കിയത്. വിവാ മാഗസിന് വേണ്ടിയായിരുന്നു ആ ഫോട്ടോ ഷൂട്ട്. ഫേസ്ബുക്കിലൂടെ, ഫോട്ടോഗ്രാഫർ തന്നെയായിരുന്നു ചിത്രം പുറത്തുവിട്ടത്.
വിമർശനത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് ശ്രുതിയുടെ ഉത്തരമിങ്ങനെയിരുന്നു:
ഇൗ ആളുകൾ ആരാണ് ? എന്റെ ജീവിതത്തിൽ ഇവർക്കൊക്കെ എന്ത് അധികാരമാണുള്ളത് ? ഞാൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നു ചോദിക്കാൻ നിങ്ങൾക്കെന്താണ് അവകാശം ? ഞാൻ അറിയുന്നവരും അറിയാത്തവരും നാവിന് എല്ലില്ലാതെ എന്തൊക്കെയോ പറഞ്ഞു. ഇപ്പോൾ ശ്രുതിക്ക് സിനിമകളൊന്നുമില്ല. ഇത് പബ്ലിസിറ്റിക്കു വേണ്ടി ചെയ്തതാണ്. ശ്രുതിക്ക് നാണമില്ലേ ? ഇങ്ങനെയൊക്കെയാണ് ഞാൻ കേട്ട വിമർശനങ്ങൾ.
എനിക്ക് നാണമില്ല. ഇല്ല, നാണമില്ല. എന്തു ചെയ്യും നിങ്ങൾ ? എന്തു ചെയ്യാൻ പറ്റും നിങ്ങൾക്ക് ? എത്ര നാൾ നിങ്ങൾ ഇതിനെക്കുറിച്ച് ചർച്ച ചെയ്തു ? നിങ്ങളുടെ ജീവിതത്തിലോ എന്റെ ജീവിതത്തിലോ എന്തെങ്കിലും മാറ്റം ഉണ്ടായോ ? ഇല്ല. ഒരു കമ്പ്യൂട്ടർ സ്ക്രീനിന്റെ മുന്നിലിരുന്ന് ആരാണെന്ന് വെളിപ്പെടുത്താതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നതാണോ ധൈര്യം ? ധൈര്യമുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി ചോദിക്കൂ. ഞാൻ ഉത്തരം പറയാം. ഒളിച്ചിരുന്ന് വിമർശിക്കാനും അശ്ലീലം പറയാനും നിങ്ങൾ ഇൗ പറഞ്ഞതു കൊണ്ടൊന്നും എന്റെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആ ഫോട്ടോഷൂട്ട് വൾഗറാണെന്ന് എന്റെ ഭർത്താവിന് തോന്നിയിട്ടില്ല. അദ്ദേഹമാണ് എന്നെ ഏറ്റവുമധികം പിന്തുണച്ചത്. എനിക്ക് ആരോടും ദേഷ്യമില്ല, കാരണം നിങ്ങൾ പറഞ്ഞതൊന്നും എന്നെ ബാധിച്ചിട്ടില്ല– അവര്‍ പറഞ്ഞു.


No comments:
Post a Comment