ഇ വാർത്ത | evartha
ഒരു മിനിറ്റില്‍ 300 ഡൗണ്‍ലോഡ്; പുറത്തിറക്കിയ ഉടന്‍ ഒടിയന്‍ ആപ്പ് തകരാറിലായി
മോഹന്‍ലാല്‍ ഇരുട്ടിന്റെ രാജാവായെത്തുന്ന ഒടിയനായുള്ള കാത്തിരിപ്പ് ആരാധകര്‍ തുടങ്ങിയിട്ട് നാളേറെയായി. ടീസറും ട്രെയ്ലറും പോസ്റ്ററുമെല്ലാം ആ കാത്തിരിപ്പിന്റെ പ്രതീക്ഷകള്‍ കൂട്ടി. ഓരോ ദിവസവും പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന വിവരങ്ങളാണ് ചിത്രത്തിനെക്കുറിച്ച് പുറത്തു വരുന്നത്. ഏറ്റവുമൊടുവില്‍ ഒടിയന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കിയാണ് അണിയറപ്രവര്‍ത്തകര്‍ ആരാധകരെ ഞെട്ടിച്ചത്.
എന്നാല്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പ് സെര്‍വര്‍ തകരാറിലായി. ആരാധകരുടെ ആവേശത്തോടെയുള്ള തള്ളിക്കയറ്റമാണ് ആപ്പ് തകരാറിലാക്കിയത്. ആപ്പ് പുറത്തിറക്കി 30 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഡൗണ്‍ലോഡ് ഒരു ലക്ഷം തൊട്ടു. ഒരു മിനിറ്റില്‍ 300 എന്ന നിലയിലായിരുന്നു ഡൗണ്‍ലോഡ്. ആപ്പ് തകരാറിലായതോടെ ആരാധകര്‍ നിരാശരായിരിക്കുകയാണ്. പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്നും ആപ്പ് ഉടന്‍ പ്രവര്‍ത്തന ക്ഷമമാക്കുമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു.
ഒടിയന്‍ എന്ന ചിത്രത്തിന്റെ മുഴുവന്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ആപ്പ് ഒരുങ്ങിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയിരിക്കുന്ന ആപ്പില്‍ ചിത്രത്തിന്റെ പുതിയ വാര്‍ത്തകള്‍, ഫോട്ടോകള്‍ പോസ്റ്ററുകള്‍, അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍, തിയേറ്റര്‍ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാണ്.
30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 14 ന് ചിത്രം തിയേറ്ററുകളിലെത്തും.
സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒടിയനും ഇടം നേടിയിരുന്നു. ഇന്റര്‍നെറ്റ് മൂവി ഡാറ്റ ബേസിലെ റിയല്‍ ടൈം പോപ്പുലാരിറ്റി ചാര്‍ട്ട് പ്രകാരം വിജയ് ചിത്രം സര്‍ക്കാര്‍ ഒന്നാം സ്ഥാനത്തു എത്തിയപ്പോള്‍ ഒടിയന്‍ ആറാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment