ഇ വാർത്ത | evartha
പൂജപ്പുരസെൻട്രൽ ജയിലിൽ എത്തിയതിനു പിന്നാലെ കെ സുരേന്ദ്രന് പഴയ രാഷ്ട്രീയ കേസുകളില്‍ പ്രൊഡക്ഷന്‍ വാറന്റുകളുടെ പെരുമഴ;വിവിധ ജില്ലകളിലെ കോടതികളിലേക്ക് സുരേന്ദ്രനെയും കൊണ്ടുള്ള യാത്രകള്‍ തുടരാന്‍ സാദ്ധ്യത

രണ്ട് ദിവസം മുന്‍പാണ് കൊട്ടാരക്കര സബ് ജയിലില്‍ നിന്നും സുരേന്ദ്രനെ കണ്ണൂര്‍ കോടതിയിലെത്തിച്ചിരുന്നത്. ഇവിടെ നിന്നും തിരികെ കൊട്ടാരക്കര കോടതിയിലും അവിടെ നിന്നും തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലും എത്തിക്കുകയായിരുന്നു. കൊട്ടാരക്കരയില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഒന്നിന് പിറകെ ഒന്നായി പഴയ കേസുകള്‍ പൊലീസ് പൊടി തട്ടി എടുക്കുമ്പോള്‍ വിവിധ ജില്ലകളിലെ കോടതികളിലേക്ക് സുരേന്ദ്രനെയും കൊണ്ടുള്ള യാത്രകള്‍ തുടരാനാണ് സാദ്ധ്യത.
ശബരിമല ചിത്തിര ആട്ട വിശേഷത്തിന് എത്തിയ അൻപത്തിരണ്ടുകാരിയെ തടഞ്ഞതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി ഇന്നു പരിഗണിക്കും.സുരേന്ദ്രനെ ഗൂഢാലോചന, കുറ്റകരമായ നരഹത്യയ്ക്കു ശ്രമം എന്നീ വകുപ്പുകളിലാണ് പ്രതി ചേർത്തത്.
അതേസമയം, തന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദമുണ്ടായിരുന്നതായി സുരേന്ദ്രന്‍ ആരോപിച്ചു. കൊട്ടാരക്കരയില്‍ നിന്ന് പൂജപ്പുരയിലേക്കു കൊണ്ടുപോകവെ, മാധ്യമങ്ങള്‍ക്കു നല്‍കാന്‍ പാര്‍ട്ടി പ്രവര്‍ത്തകനെ ഏല്‍പിച്ച കുറിപ്പിലാണ് ആരോപണങ്ങള്‍.
അതേസമയം സുരേന്ദ്രന്റെ ആരോഗ്യം പരിഗണിക്കാതെയുള്ള പൊലീസ് നടപടികള്‍ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ബി.ജെ.പി ആരോപിച്ചു.
Copyright © 2017 Evartha.in All Rights Reserved.


No comments:
Post a Comment