ഇ വാർത്ത | evartha
പറയാത്ത ഒരുപാട് കാര്യങ്ങളുണ്ട്, അതെല്ലാം പുറത്ത് വരും: മുന്നറിയിപ്പുമായി നടി പാര്‍വതി
മലയാള സിനിമയിലെ അതിക്രമങ്ങളും ചൂഷണങ്ങളും തുറന്നുകാട്ടിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ വ്യക്തമാക്കി നടി പാര്‍വതി രംഗത്ത്. താന്‍ പറയാതെ പല കാര്യങ്ങളും മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഒരിക്കല്‍ എല്ലാം പുറത്തുപറയുമെന്നും പാര്‍വതി പറഞ്ഞു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇങ്ങനെ പറഞ്ഞത്.
ഇപ്പോഴുള്ള സിനിമകള്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനു മുന്‍പ് ചെയ്യാമെന്നേറ്റതാണ്. വിവാദങ്ങള്‍ക്ക് ശേഷം എനിക്ക് ലഭിച്ച ഒരേയൊരു ഓഫര്‍ ആഷിഖ് അബുവിന്റെ വൈറസ് മാത്രമാണ്, പാര്‍വതി പറയുന്നു. അതില്‍ എനിക്ക് അത്ഭുതമില്ല. ആഷിഖ് ഒരു പുരോഗമനവാദിയാണ്.
ബാക്കിയുള്ള സിനിമകളെല്ലാം കസബയ്ക്ക് മുന്‍പ് ഒപ്പു വച്ചതാണ്. കാര്യങ്ങള്‍ ഇങ്ങനെയാണ് പരിസമാപ്തിയിലേക്ക് നീങ്ങുന്നതെങ്കില്‍, ‘ശരി, നോക്കാം’ എന്നേ എനിക്ക് പറയാനാകൂ. ഞാനിത് തമാശയായി പറയുന്നതല്ല. പക്ഷേ, ഞാന്‍ നിശബ്ദയായിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
കാരണം, ഇത്തരത്തില്‍ അപ്രത്യക്ഷരായ നിരവധി അഭിനേത്രികളെ മുന്‍ കാലങ്ങളില്‍ നോക്കിയാല്‍ കാണാം. അവര്‍ അപ്രത്യക്ഷരായതിന് കാരണങ്ങള്‍ ആര്‍ക്കും അറിയില്ല. സിനിമയെ നിയന്ത്രിക്കുന്നവര്‍ എന്നെ ഇതുപോലെ പുറത്താക്കാനാണ് ശ്രമിക്കുന്നതെങ്കില്‍, എനിക്ക് ജോലി ചെയ്യാന്‍ അറിയാത്തതുകൊണ്ടല്ല അത് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പാര്‍വതി പറഞ്ഞു.
താന്‍ സിനിമയില്‍ വന്ന കാലത്ത് ഡബ്ല്യു.സി.സി പോലുള്ള കൂട്ടായ്മകളില്ലായിരുന്നു. താന്‍ നേരിട്ട പ്രശ്‌നങ്ങള്‍ തന്റെ മാത്രം അനുഭവമാണെന്ന് കരുതി ഒന്നും പുറത്തുപറഞ്ഞില്ല. ഡബ്ല്യു.സി.സി രൂപീകരിച്ചതോടെയാണ് പല സ്ത്രീകളും സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് വ്യക്തമായത്.
കുറ്റംചെയ്തവര്‍ സുഖമായി കഴിയുന്നു. 10 വര്‍ഷം മുന്‍പ് നടന്ന കാര്യത്തില്‍ നമുക്കൊന്നും ചെയ്യാനാകില്ല. പക്ഷേ അത് പുറത്തുവരണം. എന്തിനാണ് ഇതെല്ലാം നമ്മുടെ ശവക്കല്ലറയിലേക്ക് കൊണ്ടുപോകുന്നതെന്നും പാര്‍വതി ചോദിച്ചു. ’13 വര്‍ഷമായി ഞാന്‍ മലയാള സിനിമയിലുണ്ട്.
നല്ല ചില സിനിമകള്‍ ചെയ്തിട്ടുണ്ട്. ഒന്നുകില്‍ മറ്റ് ഭാഷകളിലേക്ക് പോകാം. അല്ലെങ്കില്‍ ഒരു ഷോപ്പോ പബ്ബോ തുടങ്ങാം. ഈ പോരാട്ടത്തില്‍ വില കൊടുക്കേണ്ടിവന്നത് ഞങ്ങളാണ്. ഈ പോരാട്ടം ഞങ്ങള്‍ക്ക് വേണ്ടിമാത്രമല്ല, എല്ലാവര്‍ക്കും വേണ്ടിയാണ്’, പാര്‍വതി വിശദമാക്കി.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment