ഇ വാർത്ത | evartha
ശിക്ഷയായി പാത്രങ്ങള്‍ കഴുകിച്ചു; മത്സരത്തില്‍ തുടരേണ്ടെന്നും പുറത്തു പോകണമെന്നും റിയാലിറ്റി ഷോക്കിടെ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്
സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി റിയാലിറ്റി ഷോയില്‍ ശ്രദ്ധേയ സാന്നിധ്യമാണ് ശ്രീശാന്ത്. നേരത്തെ ഷോയ്ക്കകത്തെ സഹമത്സരാര്‍ഥികളോടുള്ള ശ്രീശാന്തിന്റെ മോശം പെരുമാറ്റവും ഭീഷണികളും വലിയ വിവാദമായിരുന്നു. ഇതോടെ ഈ ഷോയിലെ യഥാര്‍ഥ വില്ലന്‍ ശ്രീശാന്താണെന്നു ഒരുഘട്ടത്തില്‍ അവതാരകനായ സല്‍മാന്‍ഖാന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
ഷോയിലെ വികാര വിക്ഷേഭങ്ങള്‍കൊണ്ടും വിവാദ പരാമര്‍ശങ്ങള്‍കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന ശ്രീ ഏറ്റവും ഒടുവില്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത് പൊട്ടിക്കരഞ്ഞുകൊണ്ടാണ്. ഷോയില്‍ ശിക്ഷയായി പാത്രങ്ങള്‍ കഴുകിയപ്പോള്‍ തിഹാര്‍ ജയിലിലെ ദിനങ്ങള്‍ ഓര്‍മ വന്നതാണ് താരത്തെ വേദനിപ്പിച്ചത്.
വീട്ടിലെ നിയമങ്ങളും മര്യാദയും ശ്രീശാന്ത് ലംഘിക്കുന്നുവെന്ന് മറ്റു മത്സരാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. മുന്നറിയിപ്പുകളെ അവഗണിച്ചു വീണ്ടും ഇത്തരം പ്രവൃത്തികള്‍ ശ്രീ തുടരുന്നതായും ആരോപണമുയര്‍ന്നു. ഇതോടെയാണ് ഈ ആഴ്ച ഹൗസ് ക്യാപ്റ്റനായ കരണ്‍വിര്‍, ശ്രീശാന്തിനും മറ്റൊരു മത്സരാര്‍ഥിയായ രോഹിതിനും പാത്രങ്ങള്‍ കഴുകല്‍ ശിക്ഷയായി വിധിച്ചത്. പൊടിപിടിച്ചതും ഉപയോഗിച്ചതുമായി നിരവധി പാത്രങ്ങള്‍ ഇരുവരും കഴുകേണ്ടി വന്നു.
എന്നാല്‍ പാത്രങ്ങള്‍ കഴുകി തീര്‍ന്നതോടെ ശ്രീശാന്ത് അസ്വസ്ഥനാവുകയായിരുന്നു. തനിക്ക് മത്സരത്തില്‍ തുടരേണ്ടെന്നും ഇവിടെ നിന്നു പോകണമെന്നും ശ്രീശാന്ത് രോഹിതിനോട് പറഞ്ഞു. തുടര്‍ന്നു പൊട്ടിക്കരയാന്‍ തുടങ്ങിയ ശ്രീശാന്തിനെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്കു വിളിക്കുകയും അനുനയിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
തിഹാര്‍ ജയിലിലായിരുന്നപ്പോള്‍ പാത്രങ്ങള്‍ കഴുകിയിരുന്നെന്നും ഈ ശിക്ഷ ആ ദിവസങ്ങളെ ഓര്‍മിപ്പിച്ചെന്നും ശ്രീ വെളിപ്പെടുത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വാതുവെയ്പ്പിനു കൂട്ടുനിന്നുവെന്ന ആരോപിച്ച് 2013 മെയിലാണ് ശ്രീശാന്തിനെ അറസ്റ്റു ചെയ്തത്. തിഹാര്‍ ജയിലിലാണ് ഇക്കാലയളവില്‍ താരത്തെ പാര്‍പ്പിച്ചത്.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment