ഇ വാർത്ത | evartha
വിവാഹ ആഘോഷത്തിനിടെ പോലീസിന്റെ മാസ് എന്‍ട്രി; അറസ്റ്റ് ചെയ്തത് വരനെ; കുറ്റം ഫോണ്‍ മോഷണം
മുംബൈയിലാണ് സംഭവം നടന്നത്. വിവാഹ ഘോഷയാത്രയ്ക്കിടെ എത്തിയ പോലീസ് സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുകയായിരുന്ന നവവരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒപ്പം കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും പൊക്കി. ബന്ധുക്കള്‍ കാര്യമന്വേഷിച്ചപ്പോഴാണ് ഇരുവരും ഫോണ്‍ മോഷണക്കേസ് പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കിയത്.
മുംബൈ സ്വദേശികളായ അജയ് സുനില്‍ ദോത്തി, അല്‍ത്താഫ് മിശ്രയയും ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച സുനില്‍ദോത്തിയുടെ വിവാഹ ഘോഷയാത്രയ്ക്കിടയിലായിരുന്നു അറസ്റ്റ്. ബൈക്കിലെത്തിയ ഇരുവരും വഴിയരികിലൂടെ മകളോടൊപ്പം നടന്നുപോകുകയായിരുന്ന യുവതിയുടെ ഫോണ്‍ തട്ടിപ്പറിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അമര്‍ മഹാല്‍ ജംഗ്ഷനില്‍ തിങ്കളാഴ്ച്ച രാവിലെ 9.30 നാണ് സംഭവം. 10000 രൂപ വിലമതിയ്ക്കുന്നതാണ് ഫോണ്‍. ബൈക്കിന്റെ നമ്പര്‍ പ്ലെയ്റ്റ് സെല്ലോടേപ്പ് ഉപയോഗിച്ച് മറച്ചിരുന്നു. തന്റെ മൊബൈല്‍ മോഷ്ടിക്കപ്പെട്ടുവെന്ന് കാണിച്ച് യുവതി പോലീസ് സ്റ്റേഷനിലെത്തി സംഭവ ദിവസം തന്നെ പരാതി നല്‍കി.
സംഭവസ്ഥലത്തിന്റെ സമീപത്തുള്ള സിസിടിവികളില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് സംഭവത്തിന് പിന്നില്‍ സുനില്‍ ദോത്തിയും അല്‍ത്താഫുമാണെന്ന് കണ്ടെത്തി. ഇവര്‍ ഫോണ്‍ വിറ്റതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ പോലീസ് സുനില്‍ ദോത്തിയുടെ വീട്ടിലെത്തി വിവാഹ ആഘോഷങ്ങള്‍ക്കിടെ വരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി തവണ ഇരുവരും ചേര്‍ന്ന് സമാനമായ രീതിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി പോലീസ് വ്യക്തമാക്കി.
Copyright © 2017 Evartha.in All Rights Reserved.


No comments:
Post a Comment