ഇ വാർത്ത | evartha
ബിജെപി കോട്ടയില്‍ കോണ്‍ഗ്രസിന്റെ ജയം 1.75 ലക്ഷത്തിലേറെ വോട്ടുകള്‍ക്ക്; കര്‍ണാടകയില്‍ അഞ്ചില്‍ നാലിലും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് ജയം
കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. പാര്‍ട്ടി ശക്തികേന്ദ്രമായ ബെള്ളാരിയിലെ വന്‍ തോല്‍വി നേതൃത്വത്തെ ഞെട്ടിച്ചു. ബിജെപി കോട്ടയില്‍ കോണ്‍ഗ്രസിന്റെ ജയം 1.75 ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ്. കോണ്‍ഗ്രസിന്റെ വി.എസ്. ഉഗ്രപ്പയാണ് മിന്നുംജയം സ്വന്തമാക്കിയത്.
ബി.ശ്രീരാമുലുവിന്റെ സഹോദരി ജെ.ശാന്തയാണ് തോറ്റത്. ബെള്ളാരി പിടിക്കാന്‍ കഴിഞ്ഞത് ജനങ്ങള്‍ വെളിച്ചത്തിലേക്ക് വരുന്നതിന്റെ തെളിവെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. 2004 മുതല്‍ ബി.ജെ.പി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന കാവിക്കോട്ട കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് മുന്നില്‍ തകര്‍ന്നത് ബിജെപിക്ക് കനത്ത ഷോക്കായി.
2014 ലില്‍ ശ്രീരാമുലു 85,144 വോട്ടിന് ജയിച്ച സീറ്റാണ് ബെല്ലാരി. എം.പിയായിരുന്ന ബി.ശ്രീരാമലു നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചതോടെയാണ് ബെല്ലാരിയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടകയിലുണ്ടായ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഉപതിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയപ്പോള്‍ ബി.ജെ.പിയ്ക്കും കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിനും ബെല്ലാരിയില്‍ അഭിമാനപോരാട്ടമായിരുന്നു.
തങ്ങളുടെ ഉറച്ച സീറ്റായിരുന്ന ബെല്ലാരി പിടിക്കാന്‍ ശ്രീരാമലുവിന്റെ സഹോദരി ജെ. ശാന്തയെയാണ് ബി.ജെ.പി കളത്തിലിറക്കിയത്. നേരത്തെ 2009ല്‍ ശാന്ത ബെല്ലാരിയില്‍നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചിരുന്നു. 2018ലെ ഉപതിരഞ്ഞെടുപ്പിലും ഇതാവര്‍ത്തിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ.
എന്നാല്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കോണ്‍ഗ്രസ് നേതാവ് ഡി. ശിവകുമാര്‍ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറിമറഞ്ഞു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് പിടിക്കാന്‍ വി.എസ് ഉഗ്രപ്പയെയാണ് കോണ്‍ഗ്രസ്‌ജെ.ഡി.എസ് സഖ്യം കളത്തിലിറക്കിയത്. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയെന്ന് ഉഗ്രപ്പക്കെതിരെ വിമര്‍ശനമുണ്ടായെങ്കിലും സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും പിന്തുണ അദ്ദേഹത്തിന് തുണയായി.
തുടര്‍ന്ന് ഡി. ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ജെ.ഡി.എസും പ്രചരണം നയിച്ചു. മറുവശത്ത് റെഡ്ഡി സഹോദരന്മാരുടെ പിന്തുണയില്‍ ബി.ജെ.പിയും ആഞ്ഞുപിടിച്ചു. എന്നാല്‍ വോട്ടെടുപ്പിനൊടുവില്‍ ഫലപ്രഖ്യാപനം വന്നപ്പോള്‍ പതിനാല് വര്‍ഷമായി ബി.ജെ.പി കയ്യടക്കിയിരുന്ന ബെല്ലാരി അവരെ കൈവിട്ടിരിക്കുന്നു.
അതേസമയം മണ്ഡ്യ ലോക്‌സഭാ സീറ്റില്‍ ജെഡിഎസിനാണ് ജയം. രണ്ട് അസംബ്ലി സീറ്റുകളും ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം നിലനിര്‍ത്തി. രാമനഗരയില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ഭാര്യ അനിത ജയിച്ചു. ശിവമൊഗ്ഗ ലോക്‌സഭാ സീറ്റില്‍ ബിജെപി 39000 വോട്ടിന് മുന്നിലാണ്.
ഷിമോഗ ലോക്‌സഭാ സീറ്റില്‍ ഒന്‍പതു റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബിജെപി ഇതുവരെ 2,71,771 വോട്ടുകള്‍ നേടി. ജെഡിഎസിന് 2,38,807 വോട്ടുകളും നേടാനായി. ഇവിടെ ബിജെപി നേതാവ് ബി.എസ്. യെഡ്യൂരപ്പയുടെ മകന്‍ ബി.വൈ. രാഘവേന്ദ്രയാണ് ജെഡിഎസിന്റെ മധുബംഗാരപ്പയെക്കാള്‍ ലീഡ് ചെയ്യുന്നത്.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment