ഇ വാർത്ത | evartha
അഭിമന്യുവിന്റെ സഹോദരി കൗസല്യ വിവാഹിതയായി
മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം കഴിഞ്ഞു. വട്ടവട കോവിലൂരിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍. കോവിലൂര്‍ സ്വദേശി മധുസൂദനനാണ് കൗസല്യയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്.
അഭിമന്യു ആഗ്രഹിച്ച പോലെ വിപുലമായാണ് വട്ടവടക്കാര്‍ പ്രിയ സഹോദരിയുടെ വിവാഹം നടത്തിയത്. വൈദ്യുത മന്ത്രി എംഎം മണി അടക്കമുള്ളവര്‍ വിവാഹത്തിനെത്തി. സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിച്ചത്. അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ് നിശ്ചയിച്ചതാണ് കൗസല്യയുടെ വിവാഹം. അഭിമന്യുവിന്റെ അഭാവത്തില്‍ സഹോദരന്‍ പരിജിത്താണ് വിവാഹ കാര്യങ്ങളെല്ലാം നോക്കിയത്.
വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ ഇരുണ്ട ഒറ്റമുറിക്കുള്ളില്‍ ബാക്കിയായ അഭിമന്യുവിന്റെ സ്വപ്‌നങ്ങള്‍ കേരളം ഏറ്റെടുക്കുകയായിരുന്നു. കൊട്ടാകമ്പൂരിലെ ഒറ്റമുറി വാടക കെട്ടിടത്തില്‍ പരിമിതികളിലുടെ നടുവില്‍ ജീവിക്കുമ്പോളും അഭിമന്യുവിന് അച്ഛനും അമ്മയും, ചേച്ചിയും, സഹോദരനുമൊപ്പമുള്ള സ്‌നേഹത്തിന്റെ കൊട്ടാരമായിരുന്നു ഈ കൊച്ചുമുറി.
ഇത്തിരിയുണ്ടായിരുന്ന ജീവിത്തില്‍ ഒത്തിരി മോഹങ്ങളും അഭിമന്യുവിനുണ്ടായിരുന്നു. അതില്‍ ഏറ്റവും വലതായിരുന്നു സഹോദരി കൗസല്യയുടെ വിവാഹവും സ്വന്തമായൊരു വീടും. അഭിമന്യു കേരളത്തിന്റെ പുത്രനാണെന്നും അതുകൊണ്ട് തന്നെ കേരളം മുഴുവനും അഭിമന്യുവിന്റെ ഏറ്റവും വലിയ ആഗ്രഹമായ പെങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്നും അമ്മ ഭൂപതി പറഞ്ഞിരുന്നു. അഭിമന്യുവുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമാകുമായിരുന്നു.
എല്ലാവരും തന്നെ ഒരു പെങ്ങളായി കണ്ടിട്ടുണ്ടെന്നാണ് വിചാരിക്കുന്നതെന്നും എല്ലാവരും കല്യാണത്തില്‍ വരണമെന്നും സഹോദരി കൗസല്യയും പറഞ്ഞിരുന്നു. ഗ്രാമത്തിന്റെ ആഘോഷമാക്കി കൗസല്യയുടെ വിവാഹം നടന്നതിനൊപ്പം അഭിമന്യവിന്റെ കുടുംബത്തിന് വേണ്ടി പാര്‍ട്ടി പണികഴിപ്പിക്കുന്ന വീടിന്റെ നിര്‍മ്മാണവും അവസാനഘട്ടത്തിലാണ്.
Copyright © 2017 Evartha.in All Rights Reserved.




No comments:
Post a Comment