ഇ വാർത്ത | evartha
ശബരിമല വിധിക്കു സ്റ്റേ ഇല്ലെന്ന് വീണ്ടും സുപ്രീംകോടതി; പുനപരിശോധനാ ഹര്‍ജി നേരത്തെ പരിഗണിക്കില്ല; എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കില്ലെന്നും ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യില്ലെന്നും ആവര്‍ത്തിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയാണ് ഇക്കാര്യം ഇന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.
ഇന്ന് രാവിലെ ചീഫ് ജസ്റ്റീസ് കോടതിയില്‍ നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് ശബരിമല കേസില്‍ റിട്ട്, റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്ന ഷൈലജ വിജയന്‍ എന്നയാളുടെ അഭിഭാഷകനായ മാത്യൂ നെടുമ്പാറയാണ് പുനപരിശോധനാ ഹര്‍ജികള്‍ നേരത്തെ കേള്‍ക്കണമെന്നും യുവതീപ്രവേശനം അനുവദിച്ചുള്ള വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത് കഴിയില്ലെന്നും ചൊവ്വാഴ്ച വ്യക്തമാക്കിയതുപോലെ ജനുവരി 22ന് മാത്രമേ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കൂ എന്നും അതുവരെ ഹര്‍ജിക്കാരന്‍ കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ സ്റ്റേ കാര്യത്തില്‍ തീരുമാനം വേണമെന്ന് അഭിഭാഷകന്‍ വീണ്ടും ആവശ്യപ്പെട്ടു.
പക്ഷേ കോടതി അത് അംഗീകരിക്കാന്‍ തയ്യാറായില്ല. കാര്യങ്ങള്‍ വ്യക്തമാക്കാന്‍ രണ്ട് മിനിട്ട് അഭിഭാഷകന്‍ കോടതിയോട് ചോദിച്ചെങ്കിലും കോടതി അതിന് തയ്യാറാകാതെ മറ്റ് നടപടി ക്രമങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇതോടെ മണ്ഡലകാലത്തിന് മുമ്പ് യുവതി പ്രവേശം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് സ്റ്റേ ലഭിക്കില്ലെന്ന് ഉറപ്പായി.
ഇതോടെ ഏത് പ്രയത്തിലുമുള്ള യുവതികള്‍ക്കും ശബരിമല ദര്‍ശനത്തിന് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിനുള്ള ഉത്തരവാദിത്വം ഏറി. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ഇന്നലെ തീരുമാനിച്ചിരുന്നു.
യുവതീപ്രവേശം അനുവദിച്ച വിധിക്കു സ്റ്റേ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്നലേയും വ്യക്തമാക്കിയിരുന്നു. ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ കൂടി അടങ്ങുന്ന ബെഞ്ച് മൊത്തം 49 ഹര്‍ജികളാണ് ഇന്നലെ ചേംബറില്‍ പരിഗണിച്ചത്.
ഇവയില്‍ 14 എണ്ണം പുനഃപരിശോധനാ ഹര്‍ജികളായി അംഗീകരിച്ചിരുന്നു. ബാക്കി 35 എണ്ണം പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ അനുമതി ചോദിച്ചുള്ള അപേക്ഷകളായിരുന്നു. പുനഃപരിശോധനാ ഹര്‍ജികള്‍ ജഡ്ജിമാരുടെ ചേംബറില്‍ പരിഗണിച്ചു തീരുമാനമെടുത്താല്‍ പോരാ, കോടതിയില്‍ വാദം കേട്ട് തീര്‍പ്പാക്കണമെന്ന് ഒട്ടുമിക്ക ഹര്‍ജിക്കാരും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മാത്രമാണ് ജഡ്ജിമാര്‍ ഇന്നലെ തീരുമാനമെടുത്തത്. അതായത്, നിലവിലെ പുനഃപരിശോധനാ ഹര്‍ജികളും മറ്റ് അപേക്ഷകളും ജനുവരി 22ന് കോടതിയില്‍ പരിഗണിക്കാം.
യുവതീപ്രവേശ വിധി നടപ്പാക്കുന്നത് ആരാധനാ സ്വാതന്ത്ര്യത്തെയും ആചാരങ്ങളെയും ബാധിക്കുമെന്നാരോപിച്ചുള്ള 3 റിട്ട് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ്, ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ച് ഇന്നലെ രാവിലെ പരിഗണിച്ചു. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ റിട്ട് ഹര്‍ജികളില്‍ നിലപാടു പറയുന്നത് ഉചിതമാവില്ലെന്നും പുനഃപരിശോധനാ ഹര്‍ജികളിലെ ഉത്തരവിനുശേഷം അവ പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment