സംവിധായകനെതിരെയും അമ്മയ്‌ക്കെതിരെയും മീടു വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ താരം ശ്രീദേവിക രംഗത്തെത്തിയിരിക്കുകയാണ്. അമ്മ അംഗങ്ങളുടെ പരാതികള്‍ വനിത സെല്ലൊന്നും ഇല്ലാതെതന്നെ തങ്ങള്‍ക്കു കൈകാര്യം ചെയ്യാനറിയാമെന്ന അമ്മ സെക്രട്ടറി സിദ്ദീഖിന്റെ പത്രസമ്മേളനത്തിലെ പരാമര്‍ശത്തിനെതിരെയാണ് മലയാളം, തമിഴ്, കടന്ന ഭാഷകളിലായി 16 സിനിമകളില്‍ അഭിനയിച്ച ശ്രീദേവികയുടെ കത്ത്.

2006ല്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ 3-4 ദിവസം തുടര്‍ച്ചയായി ഞാന്‍ താമസിച്ച മുറിയുടെ വാതിലില്‍ പാതിരാത്രി ആരോ മുട്ടിവിളിച്ചു. ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചപ്പോള്‍ അവര്‍ പരിശോധിച്ചശേഷം അത് സംവിധായകനാണെന്നു വ്യക്തമാക്കി. എന്റെ അമ്മ ഇക്കാര്യം കൂടെ അഭിനയിച്ച നടനെ അറിയിച്ചതോടെ അദ്ദേഹം താമസിക്കുന്ന നിലയിലെ മറ്റൊരു മുറിയിലേക്കു മാറി. അതോടെ സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകന്‍ ഞാനുള്‍പ്പെട്ട ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കി.

ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നോ അമ്മയില്‍ ഇതിനായി ഒരു പരാതിപരിഹാര സെല്‍ ഉണ്ടെന്നോ അറിയാത്തതിനാല്‍ ഉള്ളിലൊതുക്കേണ്ടി വന്നു. പല പ്രൊഡക്ഷന്‍ കണ്‍ട്രോള്‍മാരും സിനിമയിലേക്കു വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് സംവിധായകനോ നിര്‍മ്മാതാവിനോ നടനോവേണ്ടി ‘വിട്ടുവീഴ്ച’ ചെയ്യാന്‍ തയ്യാറുണ്ടോയെന്നാണ്.

ഒരു സിനിമയില്‍ വാഗ്ദാനം ചെയ്ത പ്രതിഫലം തരാതെ വന്നപ്പോള്‍ സഹായത്തിനായി അന്നത്തെ അമ്മ സെക്രട്ടറിയെ സമീപിച്ചു. പരാതി നല്‍കരുതെന്നും അതു കരിയറിനെ ബാധിക്കുമെന്നുമായിരുന്നു ഉപദേശം. അതുകൊണ്ടുതന്നെ അടുത്ത സിനിമയിലും ഇതേ അനുഭവം ഉണ്ടായപ്പോള്‍ അമ്മയില്‍ പരാതിപ്പെട്ടില്ല. പകരം പണം തരാതെ തുടര്‍ന്ന് അഭിനയിക്കില്ലെന്നു നിര്‍മ്മാതാവിനെ അറിയിച്ചു. അതോടെ അമ്മ സെക്രട്ടറി വിളിച്ച് പ്രശ്‌നം ഉണ്ടാക്കാതെ ഷൂട്ടിനു പോകണമെന്ന് പറഞ്ഞെങ്കിലും ഞാന്‍ നിലപാടില്‍ ഉറച്ചുനിന്നു.

തുടര്‍ന്ന് നിര്‍മ്മാതാവ് പകുതി പ്രതിഫലം തരാന്‍ തയാറായി. ബാക്കി പ്രതിഫലം ഇതുവരെ തന്നിട്ടില്ല. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്തെ ഇക്കാര്യം പറയാന്‍ ആദ്യം വിളിച്ചപ്പോള്‍ ദേഷ്യപ്പെടുകയായിരുന്നു. പരാതികള്‍ പുറത്തുവരാതെ ഒതുക്കി ഒറ്റക്കെട്ടാണെന്നു കാണിക്കാനാണു സംഘടനയ്ക്കു താല്‍പര്യം, ദുബായില്‍ താമസമാക്കിയ നടി കത്തില്‍ പറയുന്നു. വൈകിക്കിട്ടുന്ന നീതി നീതിനിഷേധമാണെന്നു വ്യക്തമാക്കിയാണ് കത്ത് അവസാനിപ്പിക്കുന്നത്.


No comments:
Post a Comment